ക്ഷമ കണ്ടെത്തുന്നു

ക്ഷമ കണ്ടെത്തുന്നു

സംഗ്രഹം

ജീവിതത്തിൽ നമ്മൾ എല്ലാവരും തെറ്റുകൾ വരുത്തുന്നു. കർമ്മത്തിൻ്റെ മൂർച്ചയുള്ള ദംശനത്തിനായി കാത്തിരിക്കണമോ, അതോ ദൈവിക ക്ഷമ എന്നൊന്നുണ്ടോ? മുടിയനായ പുത്രനെക്കുറിച്ചുള്ള യേശുവിൻ്റെ ഉപമയുടെ ഒരു തദ്ദേശീയമായ പതിപ്പ് ഈ ലഘുലേഖയിൽ കാണാം, സ്രഷ്ടാവായ ദൈവം പാപികളെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നതും ജീവിതകാലം മുഴുവൻ ചെയ്ത പാപവും ഒരു നിമിഷം കൊണ്ട് പൊറുക്കുന്നതും കഴിയുന്നതെങ്ങനെയെന്ന് കാണിക്കുന്നു.

ഡൗൺലോഡ് ചെയ്യുക

പ്രതാപ് ഒരു ധനാഢ്യനായ ജന്മിയുടെ മകനായിരുന്നു. അവർ ഒരു വലിയ വീട്ടിൽ താമസിച്ചിരുന്നു. അവർക്ക് അനേക ദാസന്മാരുണ്ടായിരുന്നു. പ്രതാപിന് എല്ലായ്‌പ്പോഴും ഏറ്റവും നല്ല വസ്ത്രങ്ങളും ഭക്ഷണവും
വിദ്യാഭ്യാസവും ഉണ്ടായിരുന്നു—അവൻ്റെ മാതാപിതാക്കൾ അവനെ നല്ലതുപോലെ സ്‌നേഹിച്ചിരുന്നു എന്നവനറിയാമായിരുന്നു, പ്രത്യേകിച്ച് അവൻ്റെ പിതാവ്. 

എന്നാൽ പ്രതാപ് വളർന്നുവന്നപ്പോൾ, അവനിൽ മാറ്റം തുടങ്ങി. പഴയ വഴികളൊന്നും അവന് ആകർഷകമായിരുന്നില്ല. പിതാവിൻ്റെ വീടും പിതാവിൻ്റെ വഴികളും അതിരു കല്പിക്കുന്നതുപോലെ തനിക്കു തോന്നി. പ്രതാപ് സ്വാതന്ത്ര്യത്തിനുവേണ്ടി വാഞ്ഛിച്ചു. 

ഒരു ദിവസം, പ്രതാപ് തൻ്റെ മാതാവിനോട്, പിതാവിൻ്റെ അടുത്ത് ഒരു പ്രത്യേക അപേക്ഷയുമായി പോകുവാൻ കേണപേക്ഷിച്ചു. അവന് ആവശ്യമായിരുന്നത് അവളോട് പറഞ്ഞപ്പോൾ അവൾ ഭയത്തോടെ പിന്മാറി. എന്നാൽ ചോദിക്കാമെന്ന് അവൾ സമ്മതിക്കുന്നതുവരെ അവൻ നിർബന്ധിച്ചു കൊണ്ടിരുന്നു. പല ദിവസങ്ങൾ ഇതിനെടുത്തു, എന്നാൽ അന്തിമമായി അവൾ കരഞ്ഞുകൊണ്ട് മടങ്ങി. 

“അദ്ദേഹം ഇത് ചെയ്യും” എന്ന് അവൾ അവളുടെ മകനെ ഒന്ന് നോക്കുവാൻ കഴിയാതെ പറഞ്ഞു. “നമ്മുടെ വസ്തുവകകളിൽ പകുതി അദ്ദേഹം വിൽക്കുകയും നിനക്കു നിൻ്റെ അവകാശം തരുകയും ചെയ്യും. എന്നാൽ എൻ്റെ മകനേ, ഇത് എന്തിന്? എന്തിന്?”

പ്രതാപിന് ചെറിയൊരു സങ്കടം തോന്നി, പക്ഷെ അവൻ ഉത്തേജിതനുമായി. അവൻ്റെ പദ്ധതി നടന്നു. തനിക്കു പിതാവിൻ്റെ പണത്തിൽ നിന്നും തൻ്റെ ഭാഗം കിട്ടും. അങ്ങനെ താൻ ആഗ്രഹിച്ച പ്രകാരം തനിക്കു ജീവിക്കാൻ കഴിയുമല്ലോ എന്നു ചിന്തിച്ചു.

വന്യമായ ജീവിതം

പ്രതാപ് വലിയ നഗരത്തിലേക്കു നീങ്ങി. ചിലവേറിയ ഒരു വീട് വാടകയ്‌ക്കെടുത്ത് പുതിയ കൂട്ടുകാരെ കൂട്ടുവാൻ തുടങ്ങി. താമസിയാതെ അവൻ സമ്പന്നരെയും പ്രശസ്തരെയും ആകർഷിക്കുന്ന പാർട്ടികൾ നടത്തി. കാറുകൾ വാങ്ങിച്ചു, സുന്ദരികളായ സ്ത്രീകളുമായി ഉറങ്ങി, വില പിടിപ്പുള്ള ഭക്ഷണശാലകളിൽ ഭക്ഷിക്കുവാൻ തുടങ്ങി. താൻ ആഗ്രഹിച്ചതെല്ലാം തനിക്കുണ്ടായി.

എന്നാൽ ഒരു ദിവസം പ്രതാപിൻ്റെ പണം തീർന്നുപോയി. താൻ സംഭ്രമിച്ചുപോയി, തൻ്റെ ചില പുതിയ കൂട്ടുകാരോട് കുറച്ചു പണം കടമായി ആവശ്യപ്പെട്ടു, എന്നാൽ പെട്ടെന്ന് തൻ്റെ ഫോൺകോളുകൾക്ക് അവർ മറുപടി കൊടുക്കാതെയായി. അവന് ബില്ലുകൾ അടയ്ക്കുവാൻ കഴിയാതെ വന്നു. അവസാനം ഭൂവുടമ അവനെ ഒഴിപ്പിച്ചു. പണവും കൂട്ടുകാരും ഇല്ലാതെ തനിക്കെവിടെ പോകുവാൻ കഴിയും?

ചിന്താക്കുഴപ്പത്തിലും വിചാരത്തിലും പെട്ട്
പ്രതാപ് പട്ടണത്തിലുടനീളം അലഞ്ഞു. സൂര്യനസ്തമിക്കാറായപ്പോൾ അവന് ഭയം തോന്നി. അവൻ എവിടെ ഉറങ്ങും? അവൻ എന്തു ഭക്ഷിക്കും? ജീവിതത്തിലാദ്യമായി പ്രതാപ് തെരുവിൽ ഉറങ്ങി, അവൻ്റെ വയറ് വിശപ്പുകൊണ്ട് എരിയുവാൻ തുടങ്ങി.

ഖേദം നേരിടുന്നു

അടുത്ത ഏതാനും ദിവസങ്ങൾ പട്ടണത്തിൽ ഒരു വേല ലഭിക്കുന്നതിനുവേണ്ടി പ്രതാപ് ശ്രമിച്ചു. അവൻ തെരുവിൽ ഉറങ്ങിയതു കാരണം മുഷിഞ്ഞ വസ്ത്രത്തോടുകൂടി കാണപ്പെട്ടു, അതുകൊണ്ട് ചെറിയതോതിൽ നടത്തുന്ന ഭക്ഷണശാലയിലെ ഒരു മാനേജരല്ലാതെ മറ്റാരും അവന് ഒരു ജോലി കൊടുക്കുകയില്ല. ഭക്ഷണം വിളമ്പുകയും മേശ തുടയ്ക്കുകയും ചെയ്തുകൊണ്ട് പ്രതാപ് മണിക്കൂറുകളോളം വേല ചെയ്തു. അവന് നല്ലവണ്ണം വിശപ്പും ക്ഷീണവും അനുഭവപ്പെട്ടു. ധനാഢ്യനായ ഒരു മനുഷ്യൻ്റെ മകൻ ഭക്ഷണം വിളമ്പുകയോ! ഇതെങ്ങനെ സാധ്യമായി എന്ന് അവൻ ആശ്ചര്യപ്പെട്ടു! ഭക്ഷണം കഴിക്കുവാൻ വന്ന അവസാന മനുഷ്യൻ കഴിച്ചിട്ടു പോയപ്പോൾ അവൻ അടുക്കളയിൽ പാത്രങ്ങൾ കഴുകുന്നതിന് പോയി. അവൻ ചവറിനടുത്ത് ഒരു പാത്രവും അതിൽ പകുതി തിന്നതിനു ശേഷം ഇരിക്കുന്ന ഒരു റൊട്ടിയും കണ്ടു. അവന് നല്ല വിശപ്പുണ്ടായിരുന്നതു കാരണം അതെടുക്കുന്നതിന് അവൻ അതിൻ്റെ അടുത്തേക്കു പോയി.

എനിക്കെന്താണ് സംഭവിച്ചത്? എന്ന് അവൻ സ്വയം ശകാരിച്ചു. എൻ്റെ പിതാവിൻ്റെ ഭവനത്തിൽ ദാസന്മാർക്കുപോലും ധാരാളം ഭക്ഷിക്കുവാനും മിച്ചം വയ്ക്കുവാനും ഉണ്ടായിരുന്നു. ഇവിടെ ഇതാ ഞാൻ, ഈ മലിനമായ ഭക്ഷണ അവശിഷ്ടങ്ങളാൽ പ്രലോഭിപ്പിക്കപ്പെടുന്നു!

അവൻ പാത്രങ്ങളുടെ കൂട്ടത്തിലേക്കു നോക്കി വളരെ നേരം ആലോചിച്ചു.

ഞാൻ എന്തു ചെയ്യണമെന്ന് എനിക്കറിയാം എന്ന് അവൻ ചിന്തിച്ചു. ഞാൻ എൻ്റെ പിതാവിൻ്റെ അടുത്തേക്കു മടങ്ങിപ്പോയിട്ട് പറയും, “അപ്പാ, ഞാൻ നിനക്കും ദൈവത്തിനുമെതിരെ പാപം ചെയ്തു. ഇനി ഞാൻ നിൻ്റെ മകൻ എന്നു വിളിക്കപ്പെടുവാൻ യോഗ്യതയുള്ളവനല്ല. ദയവു ചെയ്ത് നിൻ്റെ ദാസന്മാരിൽ ഒരാളായി എന്നെ നിർത്തുക.”

ഒരു പാത്രംപോലും കഴുകാതെ, പ്രതാപ് ഭക്ഷണശാല വിട്ട് അവൻ്റെ പിതാവിൻ്റെ ഭവനത്തിലേക്കു യാത്രയായി.

വീട്ടിലേക്കു മടങ്ങുന്നു

പ്രതാപ് ഭവനത്തിലേക്കു പോയപ്പോൾ ചിന്തിപ്പാൻ അവന് അനേക കാര്യങ്ങൾ ഉണ്ടായിരുന്നു. അവനെ കണ്ടാൽ അവൻ്റെ പിതാവ് എങ്ങനെയായിരിക്കും പ്രതികരിക്കുക? വീട്ടിലെത്തുമ്പോൾ താൻ എന്തു പറയും എന്നതിനെപ്പറ്റി ഒരു അഭിനയ പരിശീലനം താൻ നടത്തിയിരുന്നു, പക്ഷെ അത് അവന് അത്ര നല്ലതായിതോന്നിയില്ല. അവസാനം, ഒരു നീണ്ട യാത്രയ്ക്കുശേഷം വളരെ അകലെ തൻ്റെ അപ്പൻ്റെ വീട് അവനു കാണുവാൻ കഴിഞ്ഞു. അവൻ വഴിയിലൂടെ സാവധാനം നടന്നു.

പെട്ടെന്ന് അവൻ ഒരു ആർപ്പുവിളി കേട്ടു. സാധാരണ ശാന്തനും അന്തസ്സുറ്റവനുമായിരുന്ന അവൻ്റെ പിതാവ് വീട്ടിൽനിന്നും പുറത്തേക്കു ഓടി. പ്രതാപിൻ്റെ അടുത്തേക്കു ഓടിവന്ന് മുറുകെ പിടിച്ച് ആലിംഗനം ചെയ്തു. പ്രതാപിന് തൻ്റെ ഹൃദയം തകരുന്നതു പോലെ തോന്നി.

അവൻ സ്തംഭിച്ചു ഇപ്രകാരം പറഞ്ഞു: “അപ്പാ, ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു. ഇനി, നിൻ്റെ മകൻ, എന്നു വിളിക്കപ്പെടുവാൻ ഞാൻ യോഗ്യനല്ല. . . .”

അവൻ പറഞ്ഞതിൽ ഒരു വാക്കുപോലും കേട്ടില്ല എന്ന വിധത്തിൽ പിതാവ് പ്രത്യക്ഷപ്പെട്ടു. തൻ്റെ മുഖത്ത് കണ്ണുനീർ ഒഴുകുകയായിരുന്നു. ഈ കോലാഹലം കേട്ടുകൊണ്ട് വീട്ടിലെ ദാസന്മാർ ഓടിക്കൂടി.

“വേഗം!” അപ്പൻ അവരോട് ഇങ്ങനെ കല്പിച്ചു. “അവൻ്റെ മുറി ഒരുക്കുക! അവനുവേണ്ടി പുതിയ അങ്കി കൊണ്ടുവരിക! നമുക്കു ആനന്ദിക്കുന്നതിന് ഒരു വിരുന്ന് ഒരുക്കുക! ഇത് എൻ്റെ പുത്രൻ—അവൻ മരിച്ചവനായിരുന്നു വീണ്ടും ജീവിച്ചു; അവൻ നഷ്ടപ്പെട്ടുപോയിരുന്നു, ഇപ്പോൾ
കണ്ടുകിട്ടിയിരിക്കുന്നു!”

ക്ഷമ കണ്ടെത്തുന്നു

സ്യഷ്ടിതാവായ ദൈവത്തിൽനിന്ന് നമുക്ക് എങ്ങനെ ക്ഷമ പ്രാപിക്കാമെന്നുള്ളതിനെ ചിത്രീകരിക്കുന്നതിന് യേശുക്രിസ്തു പറഞ്ഞ ഒരു ഉപമയെ അടിസ്ഥാനമാക്കിയുള്ള കഥയാണിത്. നാം ജീവിതത്തിൽ തെറ്റുകൾ ചെയ്യുമ്പോൾ, അവ വലിയ തെറ്റുകളായിരുന്നാൽ പോലും, പ്രതാപ് തൻ്റെ പിതാവിൻ്റെ അടുക്കലേക്ക് മടങ്ങിപ്പോയതുപോലെ നമുക്കു ദൈവത്തിങ്കലേക്കു മടങ്ങിച്ചെല്ലാവുന്നതാണ്. സങ്കീർണ്ണമായ അനുഷ്ഠാനങ്ങളോ യാഗങ്ങളോ ഒന്നും നാം നടത്തേണ്ടതില്ല. തുറന്ന കരങ്ങളോടെ ദൈവം നമുക്കുവേണ്ടി കാത്തിരിക്കുന്നു. ഹൃദയത്തിൽ വരുന്ന മാറ്റത്തെയാണ് അവൻ ഏറ്റവും വിലമതിക്കുന്നത്. താഴ്മയോടെ നമ്മുടെ പാപങ്ങളെ നാം ഏറ്റുപറയണം, വാസ്തവമായും നാം പശ്ചാത്തപിക്കണം, എന്നിട്ട് ക്ഷമ ചോദിക്കണം. ദൈവത്തിൻ്റെ ക്ഷമയുടെ ദിവ്യമായ അത്ഭുതം അനുഭവിക്കുന്നതിന് നിങ്ങൾ ആഗ്രഹിക്കുന്നുവോ? നിങ്ങൾ ചെയ്തിട്ടുള്ള എല്ലാ തെറ്റുകളിൽ നിന്നും നിങ്ങൾക്ക് ഇന്നു ഇപ്പോൾ തന്നെ ശുദ്ധീകരണം പ്രാപിക്കുവാൻ കഴിയും. ഈ വിധത്തിൽ നിങ്ങൾ പ്രാർത്ഥിക്കുക:

പ്രിയ ദൈവമേ, എൻ്റെ പാപങ്ങളെ ഓർത്ത് ഞാൻ ആഴമായി ദുഃഖിക്കുന്നു. കർത്താവായ യേശുക്രിസ്തുവിൻ്റെ മഹാത്യാഗം കാരണം എന്നോട് ക്ഷമിക്കുകയും എല്ലാ അശുദ്ധികളിൽ നിന്നും എന്നെ ശുദ്ധീകരിക്കുകയും ചെയ്യേണമേ. ആന്തരീകമായി എന്നെ ഒരു പുതിയ മനുഷ്യനാക്കിത്തീർക്കേണമേ. ആമേൻ.

കർത്താവായ യേശുക്രിസ്തുവിൻ്റെ ഉപദേശങ്ങളെ സംബന്ധിച്ച് കൂടുതൽ പഠിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, ഈ ലഘുലേഖയുടെ പിൻഭാഗത്തു കൊടുത്തിരിക്കുന്ന മേൽവിലാസത്തിൽ ഞങ്ങളെ ബന്ധപ്പെടുക.


Copyright © 2023 by Sharing Hope Publications. വ്യക്തിപരമായ അല്ലെങ്കിൽ വാണിജ്യരഹിതമായ ഉദ്ദേശ്യങ്ങൾക്കായി സമ്മതമില്ലാതെ ഈ പ്രവർത്തനം പ്രിന്റ് ചെയ്ത് പങ്കുവെയ്ക്കാം.

ഞങ്ങളുടെ വാർത്താക്കുറിപ്പിനായി പേര് ചേർക്കുക

പുതിയ പ്രസിദ്ധീകരണങ്ങൾ ലഭ്യമാകുമ്പോൾ ആദ്യം അറിയുക!

newsletter-cover